Wednesday, October 17, 2007

മലയാള ചെറുകഥ എങ്ങോട്ട് - ഒരു കുറിപ്പ്

മലയാള ചെറുകഥയില്‍ ജീവിതത്തിന്റെ സത്യാന്വേഷണ പരീക്ഷകള്‍ക്ക് എന്തുമാത്രം പ്രസക്തിയുണ്ടെന്ന്ന ചോദ്യം പലപ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു. കഥയുടെ വിപണി പച്ചക്കറിമാര്‍ക്കറ്റിലെ തടിച്ചുകൊഴുത്ത തമിഴത്തികളെപ്പോലെ സ്വന്തം മുരിങ്ങക്കായെ പുകഴ്ത്തുകയും അന്യന്റെതിനെ ഇകഴ്ത്തുകയും ചെയ്യുന്ന ഒരു വാക്ചാതുരി മാത്രമായി സംവാദങ്ങള്‍ അധ:പതിച്ചുകഴിഞ്ഞിരിക്കുന്നു. ഒരേ ചാക്കില്‍ നിന്നും ഇറക്കി വെച്ച മുരിങ്ങയും വെണ്ടയുമാണെന്നത് ഇക്കൂട്ടര്‍ ഓര്‍ക്കാ‍ത്തതെന്താണാവോ ? കിട്ടിയ സാധനം മുന്തിയ വിലയ്ക്ക് വില്‍ക്കുവാനാണ് നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ എഴുത്തുകാരന്റെ ശ്രമം. ഭാവുകത്വത്തില്‍ വിപണി ചെലുത്തുന്ന സ്വാ‍ധീനത്തില്‍ കഥകൃത്ത് എത്തിനില്‍ക്കുന്ന അവസ്ഥയെ പുതിയ കഥകളുടെ അവസ്ഥയെയും ഒരു പരിധിവരെ വെളിപ്പെടുത്തുന്നുണ്ട്. പരമാവധി വേഗതയിലും വിലയിലും തന്റെ ഉത്പ്പന്നത്തെ വീറ്റ് കാശാക്കുകയെന്നതു മാത്രമല്ലേ പുതു തലമുറയിലെ ഒരു കഥകാരന്‍ ചെയ്തു പോരുന്നത് ?

സമകാലിക ചെറുകഥയെക്കുറിച്ചുള്ള വീണ്ടുവിചാ‍ാരത്തില്‍ വെളിപ്പെട്ടുവരുന്ന ഭാവുകത്വപരമായ പ്രശ്നങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാവും. കഥ പറച്ചിലിന്റെ സമീ‍പസ്ഥ പാരമ്പര്യങ്ങളെ ലംഘിക്കാനുള്ള ശ്രമങ്ങളാണ് ഇക്കാലത്ത് പുതിയൊരു കഥാഭാവുകത്വത്തിനു തുടക്കമിട്ടത്. മറ്റേതു സാഹിത്യ രൂ‍പത്തേക്കാള്‍ മുന്നായങ്ങള്‍ സംഭവിച്ചതും ചെറുകഥയില്‍ തന്നെയാണ്. ആ മുന്നേറ്റം ഇപ്പോള്‍ ക്ഷീണിതമാണെന്ന് തിരിച്ചറിയാന്‍ വലിയ ജ്ഞാനമൊന്നും വേണ്ട. വ്യവസ്ഥാപിതമായി എഴുതിത്തുടങ്ങുകയും പെട്ടന്നു തന്നെ അതിന്റെ ഒരു ഭാഗമാ‍യി , അടിമയായിത്തീരുകയൂം ചെയ്യുക എന്ന വൈരുദ്ധ്യമാണ് പുതിയ ചെറുകഥ നേരിടുന്നത്.

ഉത്തരാധിനിക ചെറുകഥയുടേത് അങ്ങനെ ഒരു പ്രശ്നലോകം തന്നെയാണ്. മാധ്യമപരമായ ആശങ്കകള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ എഴുതപ്പെടുകയെന്നതുകൊണ്ടുകൂടിയാണ് പുതിയ കഥാകൃത്തുക്കള്‍ക്ക് എഴുതുക എന്ന ക്രിയപോലും പ്രശ്നഭരിതമാവുന്നത്. എളുപ്പമല്ലാത്ത ഈ പരിസരമാണ് ഉത്തരാധുനിക കഥാകൃത്തിനു നേരിടേണ്ടിവരുന്നത്.

ഉത്തരാധുനികമായ കഥാഭാവുകത്വത്തെ രേഖപ്പെടുത്തുന്നത് കഥപറച്ചിലിന്റെ വഴിത്താരകള്‍ മാറ്റിയെഴുതാനുള്ള ഉദ്യമങ്ങളിലൂടെയുള്ള നൂഴ്ന്നുകയറ്റമാണ്. വ്യത്യസ്ഥമായ ഒരു യാഥാര്‍ത്ഥ്യമാണ് സമകാലിക ജനക്കൂട്ടത്തിന്റെതെന്നുള്ള ബോധമാണ് ഈ മാറ്റിയെഴുത്തിനു പിന്നിലെ ഘടകമെന്നു കരുതേണ്ടിയിരിക്കുന്നു. ഖൃജുവായ ആഖ്യാനരീതികള്‍ ഒരു പരിധിവരെ ഈ ആഖ്യാന ശോഷണത്തിനു വഴിമരുന്നിട്ടീട്ടുണ്ട്. രൂപഭ്രമത്തിന്റെ തടവറയിലേക്ക് സമകാലിക ചെറുകഥാകൃത്തുക്കളില്‍ പലരും തെന്നിവീണത് ഇതൊക്കെകൊണ്ടാണ്. അനൌചിത്യമായ രൂപ പരിഷ്കരണമാണ് പുതിയ കഥകളില്‍ പലതിന്റെയും ദൌര്‍ബല്യം. താത്വികമായി ന്യായീകരിക്കപ്പെടേണ്ട രൂ‍പം സമകാലികമായ പല കഥകളിലും അന്യമായിരിക്കുന്നു. ഉപശീര്‍ഷകങ്ങളും സ്ഥാനംതെറ്റിയുള്ള രൂപകങ്ങളുമായാല്‍ ഉത്തരാധുനിക ഭാവുകത്വമായിയെന്നു ധരിച്ചുവെച്ചിട്ടുണ്ട് പുതിയ കഥയെഴുത്തുകാര്‍. സാഹിത്യം തന്നെ പ്രമേയമാകുന്ന അതിരഥതന്ത്രം കഥയില്‍ പാരഡിയായി ചമയ്ക്കുന്ന സിദ്ധാന്തത്തോട് ഒത്തുപോകാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പുതിയ കഥാകാരന്മാരില്‍ കാണുന്നു. ഇതെല്ലാം കഥയുടെ കാന്തിക ഗുണം നഷ്ടപ്പെടുത്താനേ ഉപകരിക്കൂവെന്ന് മനസ്സിലാക്കുമ്പോഴേയ്ക്കും കഥകാരന്‍ തെരുവിലെത്തപ്പെട്ടിരിക്കും.

ടെക്നോഫോബിയയില്‍ നിന്നും വിമുക്തമായ അനുഭവമണ്ടലങ്ങളെ നേരിടുമ്പോള്‍ പലപ്പോഴും പുതിയ കഥകളില്‍ ദൌര്‍ബല്യമാണ് തെളിയുന്നത്, മാറ്റത്തെ അഭിമുഖീകരിക്കുന്ന ആവേഗങ്ങള്‍ ശക്തമാവുന്നില്ലെന്നും. മാ‍റുന്ന അനുഭവ പരിസരങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള ചെറുകഥയ്ക്ക് പിടിച്ചുനില്‍ക്കാനാവുമോ ?

ഉപയോഗിക്കാത്തതായി വലിയതായൊന്നും ശേഷിക്കാത്ത വിപണിയില്‍ നിന്നും പുതിയ കഥാകൃത്തിനു എല്ലാം പുതുമയായി കണ്ടെത്തേണ്ടിയിരിക്കുന്നു. ആധുനിക ലോകത്തെ അഭിമുഖീകരിക്കുമ്പോള്‍ മാത്രമേ പുതിയ കഥയ്ക്കു ശക്തിയും ഓജസും ലഭിക്കൂ.

8 comments:

Murali K Menon said...

ഒന്നുകൊണ്ടും ഭയപ്പെടേണ്ട. സംഭവാമി യുഗേ യുഗേ

Dinkan-ഡിങ്കന്‍ said...

സംഗതി വായിച്ച് നോക്കിയിട്ടാ പ്രൊഫൈല്‍ നോക്കീത്

“About Me
സാജു തറയില്‍
തൃശ്ശൂര്‍ ജില്ലയിലെ വെന്മേനാടു നിന്നും പ്രവാസത്തിലേക്ക് കുടിയേറിപ്പാര്‍ത്ത മറ്റൊരു മലയാളി. മലയാള സാഹിത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വെറുമൊരു വായനക്കാരന്‍“

അപ്പോള്‍ കുഴപ്പം ഇല്ല. പറഞ്ഞതൊക്കെ വിട്ടു കളഞ്ഞു. എന്തെങ്കിലും അറിഞ്ഞിട്ട് പറയൂ.

കുറുമാന്‍ said...

സാഹിത്യത്തെക്കുറിച്ച് ഒന്നുമറിയാത്തയാള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക്, അറിയുന്നവര്‍ പറഞ്ഞാല്‍ എന്താവുമോ എന്തോ?

സുരേഷ് ഐക്കര said...

എല്ലാം കാലത്തിനു വിട്ടുകൊടുക്കുക.കാലം തെളിയിക്കട്ടെ എല്ലം.

ബാജി ഓടംവേലി said...

സാജു,
വലതുകാലു തറയില്‍ വച്ച് ബ്ലോഗ്ഗാലയത്തിലേക്കു വരൂ, സ്വാഗതം

സാജു said...

ബഹുമാനപ്പെട്ട മുരളിമേനൊന്‍, ഭയമേയുള്ളൂ. മലയാള ചെറുകഥകളുടെ വിപണി ചുരുങ്ങുന്നതിന്റെ മാത്രമല്ല അതില്ലാതാകുന്നുവെന്നതും.
ഡിങ്കന്റെ സിദ്ധാന്തങ്ങള്‍ മനസ്സിലാക്കി വരുന്നേയുള്ളൂ. ബ്ലോഗ് എന്താണെന്ന് അറ്യാന്‍ വേണ്ടി ഒരു കുറിപ്പ് എഴുതിയെന്നു മാത്രം. അഭിപ്രായം രേഖപ്പെടുത്തിയവരുടെ പ്രൊഫൈലുകള്‍ പഠിച്ചു വരുന്നു.

Anil cheleri kumaran said...

എന്റെ ബ്ലോഗ്
ഒന്നു വായിച്ചു നോക്കാമോ?
www.dreamscheleri.blogspot.com

Unknown said...

👍